

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം. പ്രതികളുടെ ശിക്ഷാ വിധിക്ക് പിന്നാലെയായിരുന്നു ദിലീപിനൊപ്പമുള്ള ചിത്രത്തിന്റെ റിലീസ് പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. ഭ ഭ ബ ബോയ്കോട്ട് ചെയ്യണമെന്ന് പോലും കമന്റുകൾ ഉയരുന്നുണ്ട്.
“മോഹൻലാൽ ഫാൻ ആണ് ഞാൻ, പക്ഷേ ഈ പടം എത്ര നല്ലത് ആണെങ്കിലും ഞാനും ഫാമിലിയും കാണില്ല” - എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
"താങ്കൾക്ക് ദിലീപ് എന്ന വ്യക്തിയെ അറിയാമായിരിക്കാം. പക്ഷേ ഇപ്പോൾ ശ്രീ തിലകൻ സാർ പറഞ്ഞ പോലെ ആനയ്ക്ക് തൻ്റെ വലിപ്പമറിയില്ല. താങ്കളുടെ തന്നെ സിനിമയിൽ പറയുന്ന പോലെ വിനാശ കാലെ വിപരീത ബുദ്ധി”. - എന്നാണ് ഒരു സിനിമാ പ്രേക്ഷകൻ കുറിച്ചിരിക്കുന്നത്.
“ലാലേട്ടാ നിങ്ങളോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു… പക്ഷേ നിങ്ങൾ ചെയ്യുന്ന ചില കോമാളിത്തരങ്ങൾ അംഗീകരിക്കാൻ പറ്റില്ല… ലാലേട്ടാ നിങ്ങളുടെ വില നിങ്ങൾക്ക് അറിയില്ല. അതാണ് നിങ്ങൾ നഷ്ടപ്പെടുത്തിയത്. ഇങ്ങനെ പോയാൽ കുറച്ചു കഴിഞ്ഞാൽ ബ ബ ബ അടിക്കേണ്ടി വരും” - എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
“മോഹൻലാൽ ഫാനാണങ്കിലും ഈ സിനിമ കാണില്ല. എന്നാലും കംപ്ലീറ്റ് ആക്ടറെ ഇത് വേണ്ടീരുന്നില്ല.. ഒന്നുമില്ലേലും സമൂഹത്തിൽ നല്ലൊരു വിഭാഗം വെറുത്തുപോയ ഈ ക്രിമിനലിനൊപ്പം… ആ ഫാൽക്കെ എന്ന പരമോന്നത അംഗീകാരത്തിന്റെ യശ്ശസാണ് നിങ്ങൾ ഇവിടെ ഇല്ലാതാക്കുന്നത്… ആദ്യമായ് നിങ്ങളോട് വെറുപ്പ് തോന്നുന്നു ലാലേട്ട…” വേറൊരാൾ കുറിച്ചു.
“അയ്യേ ഇങ്ങള് ഇത്രേ ഉള്ളോ ലാലേട്ടാ… തീരുമാനം ആയി” എന്നാണ് മറ്റൊരാളുടെ കമന്റ്.
“നീതിബോധം എന്നുണ്ട് പ്രിയ ലാൽ… ഇന്ത്യയിലെ ഒരു പരമ്മോന്നത ബഹുമതി നേടിയ മലയാള കലാരംഗത്തെ രണ്ടാമത്തെയാൾ എന്ന നിലയിൽ വ്യാപാരമല്ല സാമൂഹ്യ പ്രതിബദ്ധത എന്ന ചുരുങ്ങിയ തിരിച്ചറിവ് പ്രകടിപ്പിക്കണമായിരുന്നു. എങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ.
ദിലീപ് നായകനായെത്തുന്ന ഭ ഭ ബ എന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ ആറു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പൾസർ സുനിയടക്കം ആറു പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. സെക്ഷൻ 376 ഡി ഗ്യാങ് റേപ്പിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.