കോടികൾ വാരിയെറിഞ്ഞു: 'ലോക ചാപ്റ്റർ 1 ചന്ദ്ര'യുടെ ഒടിടി അവകാശം സ്വന്തമാക്കി ജിയോ ഹോട്ട്സ്റ്റാർ; സാറ്റ്ലൈറ്റ് അവകാശം ഏഷ്യാനെറ്റിന് | Loka Chapter 1 Chandra

ലോകക്കായി ജിയോ ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോയും സോണി ലിവും മത്സരിച്ചിരുന്നു
Loka
Published on

മലയാള സിനിമയിലെ ഹിറ്റായി മാറിയ സൂപ്പർ ഹിറോ ചിത്രം 'ലോക ചാപ്റ്റർ 1 ചന്ദ്ര' ഇനി ഒടിടിയിലേക്ക്. ഓണം റിലീസായി എത്തി തിയറ്ററുകളിൽ തരംഗമായി മാറിയ ലോക സിനിമയുടെ ഡിജിറ്റൽ അവകാശം സംബന്ധിച്ച് ധാരണയായി. ചിത്രം ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. റിലയൻസ് ഗ്രൂപ്പിൻ്റെ ജിയോ ഹോട്ട്സ്റ്റാറാണ് ലോക സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യനെറ്റിനാണ് ചിത്രം സാറ്റ്ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം എന്ന് ഒടിടിയിൽ വരുമെന്ന കാര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമോ ലോക സിനിമയുടെ അണിയറപ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.

നേരത്തെ ലോക സിനിമയുടെ ഒടിടി അവകാശം അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചിത്രം ഉടൻ ഒടിടിയിലേക്കില്ലെന്ന് അറിയിച്ചുകൊണ്ട് ചിത്രത്തിൻ്റെ നിർമാതാവ് ദുൽഖർ സൽമാൻ അത് തള്ളിയിരുന്നു. പിന്നീട് ഇന്ത്യയിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശത്തിനായി ജിയോ ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോ സോണി ലിവ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ തിയറ്ററിൽ തരംഗമായി മാറിയ ചിത്രത്തിൻ്റെ ഒടിടി അവകാശം വൻ തുകയ്ക്കാണ് ജിയോ ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ലോക സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി, അത് ലക്ഷ്യവെച്ചാണ് ജിയോ ഹോട്ട്സ്റ്റാറും ഏഷ്യനെറ്റും വൻ തുക മുടക്കി ചിത്രത്തിൻ്റെ ഡിജിറ്റൽ-സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയത്.

അതേസമയം, ഓണം റിലീസായി എത്തിയ ലോക 300 കോടി കളക്ഷൻ ലക്ഷ്യം വെച്ച് തിയറ്ററുകളിൽ മുന്നേറുകയാണ്. നിലവിൽ ലോക ആഗോളതലത്തിൽ 288.55 കോടിയാണ് ഗ്രോസ് കളക്ഷൻ നേടിയിരിക്കുന്നത്. ചിത്രം റിലീസായി 33 ദിവസം പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ നിന്നുള്ള കളക്ഷൻ തോത് കുറഞ്ഞ് തുടങ്ങി. ഒക്ടോബർ രണ്ടിന് കന്നഡ പാൻ ഇന്ത്യൻ ചിത്രം കാന്താര ചാപ്റ്റർ 1 തിയേറ്ററുകളിൽ എത്തുമ്പോൾ ലോകയുടെ ബോക്സ്ഓഫീസ് കുതിപ്പ് നിൽക്കുമെന്നാണ് കരുതുന്നത്.

ദുൽഖറിൻ്റെ വേഫാറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക്ക് അരുൺ ആണ് ലോക സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി മാസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ദുൽഖർ സൽമാനും ടൊവീനോ തോമസും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ എത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com