
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണം റിലീസുകളിൽ ഒന്നാണ് 'ഹൃദയപൂര്‍വ്വം' എന്ന സിനിമ. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിൽ നടി മാളവിക മോഹനനാണ് നായിക. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ മോഹന്‍ലാലിന്റെ നായികയായി മാളവിക എത്തുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.മോഹന്‍ലാലും മാളവികയും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു വിമര്‍ശനങ്ങൾക്ക് കാരണം. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളവിക.
'സിനിമ കണ്ടശേഷം വിമർശിക്കൂ' എന്നാണ് മാളവിക പറയുന്നത്. ഹൃദയപൂർവത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ കമന്റ് ചെയ്യുന്നത് ബാലിശമാണെന്ന് മാളവിക പറഞ്ഞു. സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യുന്നതാണ് ന്യായം. ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ലെന്നും നടി കൂട്ടിച്ചേർത്തു. തീര്‍ത്തും അപരിചിതരായ രണ്ടുപേര്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ചില സംഭവവികാസങ്ങളാണ് ചിത്രം പറയുന്നതെന്നും നടി വ്യക്തമാക്കി.
ആഗസ്റ്റ് 28ന് ഓണം റിലീസായാണ് 'ഹൃദയപൂർവം' തീയേറ്ററുകളിലേക്ക് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, സിദ്ദിഖ്, മാളവിക മോഹൻ, സംഗീത മാധവൻ നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.