KFPA
DELL

സിനിമ മേഖലയിലെ പ്രതിസന്ധി; വീണ്ടും സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ | KFPA

വിനോദ നികുതി ഒഴിവാക്കണം, താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനമെടുക്കണം, തിയേറ്ററുകളുടെ വൈദ്യുതി ചാർജ് കുറക്കണം
Published on

കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധി കാരണം വീണ്ടും സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇടപെടൽ ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന സർക്കാരിന് കത്ത് നൽകി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും തീരുമാനമൊന്നുമാകാത്ത സാഹചര്യത്തിലാണ് സംഘടന കത്ത് നൽകിയത്. വിനോദ നികുതിയടക്കം ഒഴിവാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിലേക്ക് എന്ന നിലപാടുമായി നേരത്തെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു. വിനോദ നികുതി ഒഴിവാക്കണം, താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനമെടുക്കണം, തിയേറ്ററുകളുടെ വൈദ്യുതി ചാർജ് കുറക്കണം എന്നിവയായിരുന്നു സംഘടനയുടെ ആവശ്യം.

ഇതിൽ സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. രണ്ടാഴ്ചക്കകം വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും 45 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു മാർച്ച് 17ന് നടത്തിയ ചർച്ചയിൽ തീരുമാനമായത്. എന്നാൽ ഒന്നര മാസം പിന്നിട്ടിട്ടും നടപടികൾ ഉണ്ടാകാത്തതിനാലാണ് സംഘടന വീണ്ടും സർക്കാരിനെ സമീപിച്ചത്. കത്ത് നൽകിയതിനു പിന്നാലെ സർക്കാർ സംഘടനയുമായി ബന്ധപ്പെട്ടതായും ഫിലിം ചേംബറുമായി ഉടൻ ചർച്ച നടത്തുമെന്നുമാണ് വിവരം.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സിനിമയുടെ കണക്ക് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് താര സംഘടനകളടക്കമുള്ളവയുമായി പ്രശ്നം നിലനിൽക്കുന്നുണ്ട്. സിനിമാ സമരവുമായി സഹകരിക്കില്ലെന്നും താര സംഘടനയായ 'അമ്മ' വ്യക്തമാക്കിയിരുന്നു.

Times Kerala
timeskerala.com