
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-രജനീകാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ കൂലി. ആഗസ്റ്റ് 14ന് തിയറ്ററിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ, തീവ്രമായ ഒരു ആക്ഷൻ ഡ്രാമയാണ് വരാനിരിക്കുന്ന ചിത്രമെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിൽ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. മലയാളി താരം സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ ബോളിവുഡ് നടൻ ആമിർ ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ചിത്രത്തിൽ ദഹ എന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിക്കുന്നത്. നാഗാർജുന അക്കിനേനി, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെ കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ ഡീലാണിത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.