
അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങില്‍ വൻ കുതിപ്പുമായി രജനികാന്ത് ചിത്രം കൂലി. റിലീസ് ചെയ്ത് കഴിഞ്ഞ് ആദ്യ നാല് ദിവസത്തെ ടിക്കറ്റുകള്‍ ബുക്കായി കഴിഞ്ഞിരിക്കുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് 65 കോടി രൂപയാണ്.
രജനീകാന്തിന്റെ അഭിനയ ജീവിതത്തിന്റെ 50-ാം വാര്‍ഷികത്തോടെ പുറത്തിറങ്ങുന്ന ചിത്രത്തിന് വൻ വരവേല്പ് ഒരുക്കാനാണ് ആരാധകരുടെ തയ്യാറെടുപ്പ്. അഭ്രപാളിയിലേക്കുള്ള രജനീകാന്തിന്റെ പ്രവേശനം 1975 ഓഗസ്റ്റ് 14ന് റിലീസായ അപൂർവ രാഗങ്ങളിലൂടെയാണ്. അഭിനയജീവിതത്തിന്റെ 50 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 40 സെക്കൻഡ് ദൈർഘ്യമുള്ള പ്രത്യേക ടൈറ്റില്‍ കാര്‍ഡും സിനിമയില്‍ ഒരുക്കിയിട്ടുണ്ട്. 1992-ൽ പുറത്തിറങ്ങിയ അണ്ണാമലൈ ചിത്രത്തില്‍ ഉപയോഗിച്ച ടൈറ്റില്‍ കാര്‍ഡാണ് നിലവില്‍ രജനി സിനിമകളില്‍ ഉപയോഗിക്കുന്നത്.
100 രാജ്യങ്ങളിലായി ഏകദേശം 4,500 മുതൽ 5,000 വരെ സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്നാട്ടിൽ മാത്രം 980 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ, യുഎസ്, യൂറോപ്പ് എന്നിവടങ്ങളിലുള്‍പ്പെടെ റിലീസിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതിയില്‍ പല കമ്പനികളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.