
രജനികാന്ത് നായകനായെത്തിയ ചിത്രം കൂലി വൻ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ചിത്രം 200 കോടി ക്ലബ്ബും കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമായി കൂലി 200 കോടി രൂപയിലധികം നെറ്റ് കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍, ഇന്ത്യയില്‍ നിന്ന് കൂലി 216 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലസിറ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്‍ച മാത്രം ഇന്ത്യയില്‍ നിന്ന് 9.50 കോടി രൂപ കൂലി കളക്റ്റ് ചെയ്‍തുവെന്നും സാക്നില്‍ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനായെത്തിയ ചിത്രമാണിത്. മാത്രമല്ല, മറ്റ് ഭാഷകളില്‍ നിന്നുള്ള മുൻനിര താരങ്ങളും കൂലിയുടെ ഭാഗമായപ്പോള്‍ രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന സിനിമയായി കൂലി മാറി. കൂലിയുടെ ഓപ്പണിംഗ് കളക്ഷൻ കണക്കുകൾ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കോളിവുഡില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാണ് കൂലിയുടേത് എന്നാണ് വ്യക്തമായിരിന്നത്.
ട്രാക്കര്‍മാര്‍ പുറത്തുവിട്ട കളക്ഷനേക്കാളും കുറവാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ കളക്ഷൻ എന്ന പ്രത്യേകതയുമുണ്ട്. രജനികാന്തിന്റെ കൂലി ആഗോളതലത്തില്‍ 151 കോടി രൂപയാണ് റിലീസിന് നേടിയിരിക്കുന്നത് എന്നതാണ് ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍. ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ട് പ്രകാരം കൂലി ആഗോളതലത്തില്‍ 404 കോടി രൂപ ഇതുവരെ നേടിയിട്ടുണ്ട്.
ലോകേഷും ചന്ദ്രു അൻപഴകനും ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോള്‍ ആമിര്‍ ഖാൻ സുപ്രധാന അതിഥി കഥാപാത്രമായും എത്തുന്നു.