
വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിലായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് 'അപൂർവ്വ പുത്രന്മാർ'. ആക്ഷേപഹാസ്യം എന്ന ജോണറിൽ തിയറ്ററുകളിൽ എത്തിയ ചിത്രം വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തിരുന്നു. വിവാദത്തെ തുടർന്ന് അപൂർവ്വ പുത്രന്മാർ സിനിമയുടെ തിയറ്റർ പ്രദർശനം നിർത്തിവെക്കേണ്ടി വന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇപ്പോഴിതാ അതെ വിവാദത്തിൻ്റെ പേര് പറഞ്ഞ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഈ കഴിഞ്ഞ ജൂലൈയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് അപൂർവ്വ പുത്രന്മാർ.
“തിയറ്ററുകളിൽ വിവാദമായതിനെ തുടർന്ന് പ്രദർശനം നിർത്തിവയ്ക്കേണ്ടി വന്ന അപൂർവ പുത്രന്മാർ എന്ന വിവാദ ചിത്രം ഇതാ ഒടിടിയിൽ എത്തുന്നു” എന്നാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻ്റെ ഒടിടി റിലീസ് അറിയിച്ചിരിക്കുന്നത്. ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. പെ പെർ വ്യൂ (Pay Per View) പ്രകാരമാകും ചിത്രം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യുക. എന്നാൽ, അപൂർവ്വ പുത്രന്മാർ എന്ന് ഒടിടിയിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല.
വെയ്ൻ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ആരതി കൃഷ്ണ നിർമിച്ചിരിക്കുന്ന ചിത്രം രജിത്ത് ആർ എല്ലും ശ്രീജിത്തും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഷെൻ്റോ വി ആൻ്റോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. ഷബീർ സെയ്ദാണ് എഡിറ്റർ.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജിനും പുറമെ ചിത്രത്തിൽ ലാലു അലക്സ്, ധർമജൻ, സജിൻ ചെറുകായിൽ, നിഷാന്ത് സാഗർ, പായൽ രാധാകൃഷ്ണൻ, അമ്യറ ഗോസ്വാമി, അശോകൻ, അലൻസിയർ, ബാലാജി, റിയാസ് നർമകല തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.