ബിഗ്‌ബോസിൽ മത്സരിക്കാനുണ്ടായ കാരണവും അവിടുത്തെ അനുഭവങ്ങളും പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആര്യ കാര്യങ്ങൾ പറഞ്ഞത്.
''2019ലാണ് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നത്. ആ സമയത്തെ എൻ്റെ അവസ്ഥ കൊണ്ട് പോയതാണ്. 2018 ലാണ് അച്ഛൻ മരിക്കുന്നത്. അദ്ദേഹം മരിക്കുന്ന സമയത്ത് ഞാൻ മഴവിൽ മനോരമയിലും സീ ചാനലിലും പ്രോഗ്രാം ചെയ്യുന്നുണ്ട്.
അച്ഛൻ്റെ ചികിത്സയ്ക്കു വേണ്ടി ഒരുപാട് പണം ചെലവായി. അച്ഛൻ അനിയത്തിയുടെ വിവാഹത്തിനായി കരുതി വച്ചിരുന്ന പണവും എൻ്റെ പണവും എല്ലാം ആശുപത്രിയിൽ ചെലവാക്കി. അതിനു പുറമേ കടം വാങ്ങുകയും ചെയ്തു. ബിഗ് ബോസിലേക്കുള്ള കോൾ വരുന്ന സമയത്ത് എനിക്ക് ഒരു വർക്കും ഇല്ലായിരുന്നു. ഇനി എന്തു ചെയ്യുമെന്നറിയാതെ ഇരിക്കുമ്പോഴായിരുന്നു ആ ഓഫർ വരുന്നത്. സാമ്പത്തികമായി വളരെ മികച്ച ഓഫർ ആയിരുന്നു അത്. അതുകൊണ്ടാണ് പോകാമെന്ന് തീരുമാനിച്ചത്.
ബിഗ്‌ബോസിൽ പോയപ്പോഴാണ് എനിക്ക് നല്ല ക്ഷമയുണ്ടെന്ന് തിരിച്ചറിഞ്ഞത്. നമ്മളെ പിന്തുണയ്ക്കാൻ ആരുമില്ല, എല്ലാവരും മത്സരാർത്ഥികളാണ്. 75 ദിവസം ഞാൻ അവിടെ പിടിച്ചുനിന്നു. അത്രയും ദിവസം നിന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. അവിടെ ഒരാഴ്ച പോലും പിടിച്ചുനിന്നവരെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്...''