
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ 'ദാദാ സാഹിബ് ഫാൽക്കെ അവാർഡ്' കരസ്ഥമാക്കി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ. ഇപ്പോൾ അച്ഛന്‍റെ വിജയത്തിൽ പ്രശംസ അറിയിച്ച് മകൾ വിയ്മയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് വൈറൽ. മോഹൻ ലാലിന്‍റെ പല കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കിയ പോസ്റ്റിനുതാഴെ "അഭിനന്ദനങ്ങൾ അച്ഛാ, നിങ്ങളൊരു അസാമാന്യ നടനും, അതിലുപരി നല്ലൊരു മനുഷ്യനുമാണ്, അതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു." - എന്നാണ് വിസ്മയ കുറിച്ചത്.
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മലയാള സിനിമയെത്തേടി എത്തുന്നത് ഇത് രണ്ടാം തവണയാണ്. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. 21 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ പുരസ്കാരം വീണ്ടും മലയാള മണ്ണിലേക്ക് എത്തുകയാണ്. മോഹൻലാൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്.