
കൊച്ചി: നടൻ ബാബുരാജിനും, സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെയുള്ള ആരോപണത്തിലുറച്ച് നിന്ന് ജൂനിയർ ആർട്ടിസ്റ്റ്. ഇവർ ഇ മെയിൽ വഴി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
പരാതി നൽകിയത് പ്രത്യേക അന്വേഷണ സംഘത്തിനാണ്. നടിയെ അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടു. നിലവിൽ കേരളത്തിന് പുറത്തുള്ള ഇവർ നാട്ടിലെത്തിയാലുടൻ മൊഴി നൽകുമെന്നും, ഗൂഢാലോചന എന്ന ബാബുരാജിന്‍റെ വാദം തള്ളുകയും ചെയ്തു. പരാതി നൽകിയത് ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്നും നടി വ്യക്തമാക്കി.
ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ പൊങ്ങിവരികയാണ്. ഇത് താരസംഘടനയായ അമ്മയ്ക്ക് നൽകുന്ന തലവേദന ചെറുതൊന്നുമല്ല.
നടത്താനിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരുന്നു. എന്നാൽ, ഇത് എന്നത്തേക്കാണ് മാറ്റിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സിദ്ദിഖിന് പകരമായി താൽക്കാലിക ചുമതയേറ്റെടുത്ത ബാബുരാജിനെതിരെയും പരാതിയുയർന്നത് അമ്മയെ കുഴയ്ക്കുകയാണ്.