

ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു. നൂതന സാങ്കേതിക മികവിൽ 4k അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്തുകൊണ്ട് കമ്മീഷണർ ജനുവരിയിൽ എത്തും.
മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പ് രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കമ്മീഷണർ. സുരേഷ് ഗോപി എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു ഭരത് ചന്ദ്രൻ ഐ.പി.എസ്. ചിത്രം കേരളത്തിൽ വൻ വിജയം നേടിയപ്പോൾ തമിഴിലും, തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും ചിത്രം വലിയ വിജയം നേടുകയുണ്ടായി.
തെലുങ്കിൽ നൂറു ദിവസത്തിനുമേൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് തമിഴിലും തെലുങ്കിലും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. സുരേഷ്ഗോപി ചിത്രങ്ങളുടെ ഡബ്ബിംഗ് റൈറ്റിന് വലിയ ഡിമാൻ്റും ഉണ്ടായി.
സുനിതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം. മണിയാണ് ഈ ചിത്രം നിർമ്മിച്ചത്. രതീഷ്, ശോഭന, രാജൻ. പി.ദേവ്, വിജയ രാഘവൻ്, ബൈജു സന്തോഷ്, ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കമ്മീഷണറിലും, അതിനു തുടർച്ചയായി എത്തിയ ഭരത് ചന്ദ്രൻ ഐ.പി.എസ്സിലും ഉപയോഗിച്ച പശ്ചാത്തല സംഗീതം പ്രേഷകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. പുതിയ കമ്മീഷണറിൽ പശ്ചാത്തല സംഗീതം പുനരാവിഷ്ക്കാരം നടത്തിയിരിക്കുന്നത് ബെന്നി ജോൺസാണ്.
സംഗീതം – രാജാമണി. ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. കലാസംവിധാനം – ബോബൻ. 4K റീമാസ്റ്ററിംഗ് നിർമ്മാണം -ഷൈൻ വി.എ., മെല്ലി വി.എ., ലൈസൺ ടി.ജെ. ഡിസ്ടി ബ്യൂഷൻ ഹെഡ് – ഹർഷൻ.ടി. കളറിംഗ്- ഷാൻ ആഷിഫ് , അറ്റ്മോസ് മിക്സിംഗ് – ഹരി നാരായണൻ. മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ. പിആർഒ-വാഴൂർ ജോസ്.