
തെലുങ്ക് ചിത്രങ്ങൾക്ക് കേരളത്തില്‍ ഇന്ന് വലിയ പ്രേക്ഷക സമൂഹമുണ്ട്. ഒരു സമയത്ത് അല്ലു അര്‍ജുന്‍ ചിത്രങ്ങളാണ് യുവാക്കളായ ആരാധകരെ ഇവിടെ സൃഷ്ടിച്ചതെങ്കില്‍ ബാഹുബലി അനന്തരം അത് വലിയ തോതില്‍ ഉയർന്നു. ഇന്ന് തെലുങ്കില്‍ നിന്നും വരുന്ന വലിയ ചിത്രങ്ങള്‍ക്കൊക്കെ കേരളത്തിലും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ ദീപാവലിക്ക് തെലുങ്കില്‍ നിന്നുള്ള ഏറ്റവും പ്രധാന ചിത്രം ലക്കി ഭാസ്കറും കേരളത്തില്‍ വലിയ ജനപ്രീതി നേടുകയാണ്.
ടൈറ്റില്‍ റോളില്‍ വരുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ് എന്നതാണ് ഈ ചിത്രത്തോട് മലയാളികള്‍ക്ക് താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കുന്ന ഘടകം. ഇന്നലെ തെലുങ്ക് സംസ്ഥാനങ്ങളില്‍ നടന്ന പ്രിവ്യൂ ഷോകളിലൂടെത്തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം തിയറ്റര്‍ റിലീസിന് ശേഷവും മൗത്ത് പബ്ലിസിറ്റിയും ലഭിച്ചു. സോഷ്യല്‍ മീഡിയയിലും റിവ്യൂവേഴ്സിന് ഇടയിലും ചിത്രത്തിന് മികച്ച അഭിപ്രായം മാത്രമാണ് ലഭിക്കുന്നത്.