
ജാന്‍വി കപൂര്‍, സിദ്ധാര്‍ഥി മല്‍ഹോത്ര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രം 'പരം സുന്ദരി' വിവാദത്തിൽ. ജാന്‍വി കപൂറും നായകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും തമ്മില്‍ പള്ളിയ്ക്കുള്ളില്‍വെച്ചുള്ള പ്രണയരംഗത്തിനെതിരെയാണ് 'വാച്ച് ഡോഗ്' എന്ന ക്രിസ്ത്യന്‍ സംഘടന സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയത്. ട്രെയ്‌ലറിലെ രംഗങ്ങള്‍ സിനിമയില്‍നിന്നും നീക്കണമെന്നാണ് ആവശ്യം.
"ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമാണ് പള്ളി, അതിനെ സഭ്യമല്ലാത്ത തരത്തില്‍ ഉപയോഗിക്കരുത്. ഇത് ആരാധനാലയത്തിന്റെ മതപരമായ ആത്മീയ പവിത്രതയെ അനാദരിക്കുക മാത്രമല്ല, കത്തോലിക്കാ സമൂഹത്തിന്റെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുന്നതുമാണ്." - സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കത്തില്‍ പറയുന്നു.
മുംബൈ പോലീസിനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും മഹാരാഷ്ട്രാ സര്‍ക്കാരിനും പരാതി കൈമാറിയിട്ടുണ്ട്. രംഗം ചിത്രത്തില്‍നിന്നും പ്രൊമോഷണല്‍ വീഡിയോകളില്‍നിന്നും ഒഴിവാക്കിയില്ലെങ്കില്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുമെന്നും സംഘടന വ്യക്തമാക്കി. പ്രധാനതാരങ്ങള്‍ക്കും സംവിധായകനും നിര്‍മാതാവിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
തുഷാര്‍ ജലോട്ടയാണ് പരം സുന്ദരി സംവിധാനം ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് 29ന് തിയേറ്ററിലെത്തും.