
തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ 70 ആം പിറന്നാൾ ആഘോഷമാക്കി മകനും നടനുമായ രാം ചരൺ. 'എഴുപതാം വയസ്സിലും ഹൃദയം കൊണ്ട് കൂടുതൽ ചെറുപ്പമാകുന്നു' എന്നാണ് രാം ചരൺ കുറിച്ചത്. ബന്ധുക്കൾക്കൊപ്പം പിതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
‘‘ഇന്ന് നാനയുടെ ജന്മദിനം മാത്രമല്ല, മഹാനായ മനുഷ്യന്റെ ആഘോഷം കൂടിയാണിത്. എന്റെ നായകൻ, വഴികാട്ടി, പ്രചോദനം. എനിക്കുണ്ടായ എല്ലാ വിജയങ്ങളും, ഞാൻ കാത്തുസൂക്ഷിക്കുന്ന ഓരോ മൂല്യങ്ങളും അങ്ങു തന്നതാണ്. 70 വയസ്സിലും അങ്ങ് മനസ്സുകൊണ്ട് കൂടുതൽ ചെറുപ്പമാകുന്നു, എന്നത്തേക്കാളും പ്രചോദനം നൽകുന്നവനുമാകുന്നു. അങ്ങയുടെ ആരോഗ്യത്തിനും സന്തോഷത്തിനും ഇനിയുള്ള എണ്ണമറ്റ മനോഹരമായ വർഷങ്ങൾക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ആർക്കും ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല അച്ഛന് എല്ലാ ആശംസകളും.’’–രാം ചരൺ കുറിച്ചു.