

കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് എത്തുന്ന 'റേച്ചൽ' എന്ന സിനിമയിലെ ചന്തു സലീംകുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ജോഷ്വ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ ആറിന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ നടന്നിരുന്നു. സംവിധായകൻ വിനയനാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ഓഡിയോ ലോഞ്ച് സംവിധായകൻ ലാൽ ജോസും നിർമാതാവ് ജോബി ജോർജ്ജും ചേർന്നാണ് നിർവഹിച്ചത്. ഹണി റോസ് ഇറച്ചി വെട്ടുകാരി റേച്ചലായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റേച്ചലിന്റെ പിതാവായ പോത്തുപാറ ജോയിയായി ബാബുരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.