കെഎസ്‌എഫ്‌ഡിസി ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ | Government Theater

തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ പ്രചരിക്കുന്നത്.
theater
Updated on

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ പ്രചരിക്കുന്നു. ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദി ന്യൂസ് മിനിറ്റ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സിസി ടിവി ദൃശ്യങ്ങളിലുള്ള തിയേറ്ററിലെ സീറ്റുകളിൽ കെഎസ്എഫ്ഡിസിയുടെ ലോഗോ കൃത്യമായി കാണാനാകും. ചില ദൃശ്യങ്ങളിൽ കൈരളി എൽ 3 എന്ന വാട്ടർമാർക്കും, ചിലതിൽ ശ്രീ ബിആർ എൻട്രൻസ്, നിള ബിഎൽ എൻട്രൻസ് എന്നീ വാട്ടർമാർക്കുകളും ദൃശ്യമാണ്.

തിയേറ്ററുകൾക്കുള്ളിലെ കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ സെക്കന്റുകൾ മാത്രമുള്ള ‘ട്രെയ്‌ലർ’ എന്ന പേരിൽ വിവിധ എക്സ് അക്കൗണ്ടുകളിൽ പ്രചരിക്കുന്നത്. ഇതിനോടൊപ്പം ടെലഗ്രാം ചാനലുകളിൽ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്‌താൽ അതിൽ തന്നെ നിരവധി സബ് ചാനലുകളും കാണാൻ കഴിയും. തുടർന്ന് വിവിധ വിഭാഗങ്ങളാക്കി തിരിച്ച നിരവധി സിസി ടിവിദൃശ്യങ്ങളാണ് പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നത്. പണം അടച്ചതിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്.

ഇക്കാര്യം സംബന്ധിച്ച് തിയേറ്റർ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് തിയേറ്റർ അധികൃതർക്ക് അറിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്എഫ്ഡിസി തിയേറ്ററുകളിൽ സിസി ടിവി സ്ഥാപിച്ചത് കെൽട്രോൺ ആണെന്നും, അത്തരം ദൃശ്യങ്ങൾ പുറത്തുപോകാൻ വഴിയില്ലെന്നും തിയേറ്റർ അധികൃതർ പറയുന്നു.

ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും ഇത്തരത്തിൽ പ്രചരിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ഇത്തരത്തിൽ സോഫ്റ്റ് പോൺ വിഭാഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തികച്ചും ആശങ്കാജനകമാണ്.

Related Stories

No stories found.
Times Kerala
timeskerala.com