
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോനെതിരെ കേസ്. കൊച്ചിയിലെ ബാറിൽ ഉണ്ടായിരുന്ന തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ ഒരു സംഘം ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. മർദ്ദിച്ച സംഘത്തിൽ ലക്ഷ്മി മേനോൻ ഉണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നടിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
സംഘത്തിലുണ്ടായിരുന്ന മിഥുൻ, അനീഷ്, സോന മോൾ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ലക്ഷ്മി മേനോൻ സംഘത്തിലുണ്ടായിരുന്നു എന്ന പരാതിയെ തുടർന്ന് നടിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
2011ൽ പുറത്തിറങ്ങിയ 'രഘുവിൻ്റെ സ്വന്തം റസിയ' എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മേനോൻ സിനിമാഭിനയ രംഗത്തെത്തിയത്. വിനയനായിരുന്നു സിനിമയുടെ സംവിധാനം. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. സുന്ദരപാണ്ഡ്യൻ, കുംകി, ജിഗർതണ്ട, വേതാളം, റെക്ക തുടങ്ങി തമിഴിലാണ് താരത്തിന് കൂടുതൽ നല്ല സിനിമകൾ ലഭിച്ചത്. ഇക്കൊല്ലം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ശബ്ദം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഫിലിം ഫെയർ, സൈമ, തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്.