
കൊച്ചി: താൻ മുകേഷിന് അയച്ചതായി പറയുന്ന ഇ മെയിലിനെ കുറിച്ച് ഓർമയില്ലെന്ന് പറഞ്ഞ് പരാതിക്കാരിയായ നടി. മുകേഷിന്‍റെ 'കുക്ക്ഡ് അപ്പ്' സ്റ്റോറിയാണ് ഇ മെയിൽ എന്നും അവർ പറഞ്ഞു.
അതേസമയം, നടനും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി ഇടപെടാം എന്നു താൻ പറഞ്ഞിട്ടുള്ളതായും അവർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണ സംഘത്തിന് ബന്ധപ്പെട്ട തെളിവുകൾ കൈമാറിയിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു.
ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത് നടനും എം എൽ എയുമായ എം മുകേഷ് മുൻകൂർ ജാമ്യം തേടി കോടതിയിൽ സമർപ്പിച്ച തെളിവുകൾ നിഷേധിച്ചു കൊണ്ടാണ്. ലാപ്ടോപ്പ് പഠിപ്പിക്കാമോയെന്ന് 2009ൽ മുകേഷ് ചോദിച്ചിരുന്നുവെന്ന് പറഞ്ഞ പരാതിക്കാരി, താൻ എങ്ങനെയാണ് ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്തയാൾക്ക് ഇ മെയിൽ അയക്കുന്നതെന്നും ചോദിച്ചു.
ഇത്തരത്തിൽ ഉണ്ടായ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അവർ പറഞ്ഞത്. താൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്ത സംഭവം ഉണ്ടായിട്ടില്ലെന്നും, കാശിൻ്റെ ഒരിടപാടും ഉണ്ടായിട്ടില്ലെന്നും പറയുന്ന നടി, മുകേഷിൻ്റെ വീട്ടിലേക്ക് പോയിട്ടില്ലെന്നും, ഫോട്ടോയിൽ പോലും വീട് കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.