കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ കലാകാരൻ ശ്രീനിവാസന്റെ വിയോഗത്തിൽ വിങ്ങുന്ന മനസ്സോടെ സിനിമാ ലോകം. പ്രിയ സുഹൃത്തിന്റെ വേർപാടിൽ നടൻ മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് ഇതിനോടകം ആരാധകരുടെ കണ്ണ് നനയിച്ചു. ശ്രീനിവാസനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് "ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ" എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് മമ്മൂട്ടി തന്റെ പ്രിയ കൂട്ടുകാരന് ആദരാഞ്ജലി അർപ്പിച്ചത്.(Can't help but to remember you, Actor Mammootty about Sreenivasan)
തൃപ്പൂണിത്തുറ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ ടൗൺഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ ദിലീപ്, ഉണ്ണി മുകുന്ദൻ, സംവിധായകരായ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ് തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക-സിനിമ മേഖലയിലെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്നലെ രാവിലെ പതിവ് ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ ടൗൺഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആരാധകരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
കണ്ടനാട്ടെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതികശരീരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മലയാളിയുടെ ചിന്തകളെയും ചിരിയെയും ഒരുപോലെ സ്വാധീനിച്ച ആ വലിയ കലാകാരന്റെ വേർപാടിൽ കേരളം ഒന്നടങ്കം ദുഃഖത്തിലാണ്.