
താനൊരു ക്യാൻസര്‍ അതിജീവിതയും വിവാഹമോചിതയുമാണെന്ന് നടിയും അവതാരകയുമായ ജുവൽ മേരി അടുത്തിടെ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. വിവാഹമോചനത്തിനായി ഒരുപാട് കഷ്ടപ്പെട്ടുവെന്നും രോഗത്തിന്‍റെ നാളുകൾ ഭീകരമായിരുന്നുവെന്നും ജുവൽ വ്യക്തമാക്കിയിരുന്നു. അഭിമുഖം പുറത്തുവന്നതിന് ശേഷം നിരവധി പേര്‍ തന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും എല്ലാവര്‍ക്കും നന്ദിയെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തന്നെപ്പോലുള്ള സാഹചര്യത്തിലൂടെ കടന്നുപോയവര്‍ക്ക് വേണ്ടിയാണ് താൻ വിവാഹമോചനത്തെക്കുറിച്ചും ക്യാൻസര്‍ പോരാട്ടത്തെക്കുറിച്ചും തുറന്നുപറഞ്ഞതെന്നും നടി പറഞ്ഞു.
ജുവൽ മേരിയുടെ വാക്കുകൾ:
“ഞാൻ വിവാഹിതയായിരുന്നു. പിന്നെ ഡിവോഴ്സ് ചെയ്തു. ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ഒരാളാണ് ഞാൻ. ഞാൻ സ്ട്രഗിൾ ചെയ്തു. പോരാടി ജയിച്ചു. അങ്ങനെ ഞാൻ രക്ഷപ്പെട്ടു. ഡിവോഴ്സായിട്ട് ഒരു വർഷം ആകുന്നേയുള്ളൂ. 2021 മുതൽ ഞാൻ സെപ്പറേറ്റഡ് ആയി ജീവിക്കാൻ തുടങ്ങി. 2023 ൽ തനിക്ക് കാൻസർ സ്ഥിരീകരിച്ചു." - ജുവൽ മേരി പറയുന്നു.
“മൂന്ന് നാല് വർഷം കഴിഞ്ഞാണ് എനിക്ക് ഡിവോഴ്സ് കിട്ടിയത്. മ്യൂചൽ ഡിവോഴ്സാണെങ്കിൽ ആറ് മാസം കൊണ്ട് കിട്ടും. മ്യൂചൽ കിട്ടാൻ വേണ്ടി ഞാൻ നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ച ഡിവോഴ്സാണ്. അന്ന് കയ്യിൽ സ്റ്റാർ സിംഗറൊക്കെ ചെയ്തതിന്റെ കുറച്ച് പൈസയുണ്ട്. ഇനിയെങ്കിലും ലൈഫ് ആസ്വദിക്കണം, എനിക്കൊന്ന് സന്തോഷിക്കണം എന്ന് കരുതി”
“അങ്ങനെ ലണ്ടനിൽ എനിക്കൊരു ഷോ വന്നു. ഒരുപാട് യാത്രകൾ ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് കൊച്ചിയിൽ വന്നു. കയ്യിലുള്ള കാശൊക്കെ പൊട്ടിച്ചു. തിരിച്ച് വന്ന് ഞാൻ ഇനിയും വർക്ക് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഏഴ് വർഷത്തിന് മുകളിലായി തൈറോയ്ഡ് പ്രശ്നമുണ്ട്. പിന്നെ എന്‍റെ ഇന്‍റേണൽ ട്രോമയും. പിസിഒഡി, തൈറോയ്ഡ് പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ റെഗുലർ ചെക്കപ്പിന് പോയി”
“അന്ന് വരെ എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആകെപ്പാടെ ചുമയ്ക്കുമ്പോൾ കഫം എക്സ്ട്രാ വരും. എപ്പോഴും ത്രോട്ട് ക്ലിയർ ചെയ്യണം. ഒരു സ്കാൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ബിഎസ്സി നഴ്സിംഗ് പഠിച്ച ആളാണ്. അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. കയ്യും കാലും തണുക്കാൻ തുടങ്ങി”
“കാരണം സ്കാൻ ചെയ്തവരുടെ മുഖം മാറുന്നുണ്ട്. നമുക്കൊരു ബയോപ്സി എടുക്കണം എന്ന് പറഞ്ഞപ്പോൾ എന്‍റെ കാലുറഞ്ഞ് പോയി. അത് വേണ്ട എന്ന് ഞാൻ. ഭയങ്കര പേടിയായിരുന്നു. ഇല്ല മാഡം, അതെടുക്കണം എന്ന് അവർ പറഞ്ഞു. അന്ന് തന്നെ ബയോപ്സി എടുത്തു. ഡോക്ടർ എനിക്ക് ഏകദേശം സൂചന തന്നിരുന്നു. 15 ദിവസം കഴിയും റിസൽട്ട് വരാൻ,” -ജുവൽ മേരി പറയുന്നു.
"ലെഫ് സ്ലോ ആയിപ്പോയി. റിസൽട്ട് വന്നപ്പോൾ ഒന്ന് കൂടെ ബയോപ്സി എടുക്കാമെന്ന് പറഞ്ഞു. രണ്ടാമത്തെ റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. സർജറി കഴിഞ്ഞപ്പോൾ സൗണ്ട് പോയി. അത് സ്വാഭാവമികമാണ്. പിന്നെ എല്ലാം ശരിയായി." - ജുവൽ പറഞ്ഞു.