
പുതിയ വിഡിയോ ഗാനം പുറത്തുവന്നതിന് പിന്നാലെ കനേഡിയൻ റാപ്പർ ടോമി ജെനസിസിനെതിരെ വൻ വിമർശനം. ‘ട്രൂ ബ്ലൂ’ എന്ന മ്യൂസിക് വിഡിയോയിൽ ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് കയ്യിൽ കുരിശുമായി പ്രത്യക്ഷപ്പെട്ടതോടെയാണ് വലിയ രീതിയിലുള്ള വിമർശനം ഉണ്ടായത്. നീല ബോഡി പെയിന്റും സ്വർണ്ണാഭരണങ്ങളും ചുവന്ന പൊട്ടും ധരിച്ച് ബിക്കിനി വേഷത്തിലാണ് ടോമി ജെനസിസ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
വംശത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേർതിരിവുകൾക്കെതിരെ കടുത്ത വാക്കുകളാണ് ടോമി ജെനസിസ് വിഡിയോയിൽ ഉപയോഗിക്കുന്നത്. കാളിയുടെ വേഷത്തിന്റെയും കയ്യിൽ പിടിച്ചിരിക്കുന്ന കുരിശിന്റെയും പേരിൽ വ്യാപകമായ വിമർശനങ്ങളാണ് വിഡിയോക്ക്. ഹിന്ദു സംസ്കാരത്തെ ആക്ഷേപിച്ചു, കാളിയെ മോശം രീതിയിൽ അവതരിപ്പിച്ചു തുടങ്ങിയ വിമർശനങ്ങളാണ് റാപ്പർക്കെതിരെ ഉയരുന്നത്. വിഡിയോ ഡിലീറ്റ് ചെയ്യണമെന്നും നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ വിമർശനങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് ഓഫിസ് മാഗസിന് നൽകിയ അഭിമുഖത്തിൽ ജെനസിസ് പ്രതികരിച്ചത്. "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇല്ല. ഞങ്ങൾക്ക് അത് പ്രശ്നമല്ല. അത് നിങ്ങൾക്കുള്ളതല്ല. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെയും നിങ്ങൾ എന്താണ് വിശ്വസിക്കുന്നത് എന്നതിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള പല കാരണങ്ങൾ കൊണ്ട് അത് നിങ്ങൾക്കുള്ളതല്ലായിരിക്കാം." - ജെനസിസ് പറഞ്ഞു.
ടോമി ജെനസിസിന്റെ വരാനിരിക്കുന്ന ആൽബമായ ‘ജെനസിസി’ന്റെ ഭാഗമാണ് ‘ട്രൂ ബ്ലൂ’ എന്ന ഗാനം. ഇന്ത്യൻ, സ്വീഡിഷ് വേരുകളുള്ള കനേഡിയൻ റാപ്പറാണ് ജെനസിസ് യാസ്മിൻ മോഹൻരാജ് എന്ന ടോമി ജെനസിസ്. അച്ഛൻ തമിഴ് മലയാളിയും അമ്മ സ്വീഡിഷ് വംശജയുമാണ്. 2013ൽ പുറത്തിറങ്ങിയ ‘വേൾഡ് വിഷൻ’ ആണ് ജെനസിസിന്റെ ആദ്യ ആൽബം.