
അന്തരിച്ച നടൻ റോബോ ശങ്കറിന്റെ മകളും നടിയുമായ ഇന്ദ്രജയുടെ സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ. മരിച്ചുപോയ അപ്പനെ ഒരിക്കൽ കൂടി കാണണമെന്നും ഒന്നു വരുമോയെന്നും ചോദിച്ചുകൊണ്ടുള്ള ഇന്ദ്രജയുടെ വൈകാരികമായ കുറിപ്പാണിത്. താൻ ജനിച്ചപ്പോൾ മുതൽ അച്ഛനൊപ്പം പകർത്തിയ ചിത്രങ്ങളും അപ്പനുമൊത്തുള്ള കുസൃതി നിറച്ച് എടുത്ത ഫോട്ടോകളും വീഡിയോ രൂപത്തിലാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതാണ് ഓരോ ചിത്രങ്ങളും. ‘ഇനി ഒരിക്കൽക്കൂടി കാണാൻ പറ്റുമോ അപ്പാ. അതേ എന്നാണ് ഉത്തരമെങ്കിൽ എന്റെയടുത്തേക്ക് വരണേ’ എന്നാണ് ഇന്ദ്രജ റീലിനൊപ്പം കുറിച്ചിരിക്കുന്നത്.
ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്ങോട്ടാണെന്ന് മകൾ ചോദിക്കുമ്പോൾ നീണ്ട ഒരു യാത്രയ്ക്കാണെന്ന് അച്ഛൻ പറയുന്നു. 'നിങ്ങളെ ഇനി എപ്പോഴെങ്കിലും കാണാനാവുമോ?' എന്ന മകളുടെ ചോദ്യത്തിന്, 'തീർച്ചയായും' എന്ന് അച്ഛൻ മറുപടി പറയുന്നു. നിരവധി പേരാണ് റീലിന് കമന്റുകളുമായെത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടൻ റോബോ ശങ്കർ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചത്. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ടെലിവിഷൻ താരം പ്രിയങ്കയാണ് റോബോ ശങ്കറിന്റെ ഭാര്യ.
മിമിക്രി കലാകാരനായിരുന്ന ശങ്കർ സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചിരുന്നതിനാലാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ 'കലക്കപോവത് യാര്' എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷം ചെയ്തു. കൂടാതെ ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.