കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാമ്പ്' എന്ന ചെറുകഥാ പുസ്തകത്തിന്റെ വിവർത്തനത്തിന് ബുക്കർ പ്രൈസ് ലഭിച്ചു. ദീപ ഭാസ്തി വിവർത്തനം ചെയ്ത പുസ്തകം ഈ വർഷത്തെ മികച്ച വിവർത്തന ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടി. ഇംഗ്ലീഷ് വായനക്കാർക്ക് പുതുമ തോന്നിക്കുന്ന മനോഹരവും ജീവനുള്ളതുമായ വിവർത്തനമെന്ന് എഴുത്തുകാരനും ജഡ്ജിങ്ങ് പാനൽ അംഗവുമായ മാക്‌സ് പോർട്ടർ വിശേഷിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ പുരുഷാധിപത്യ സമുഹത്തിൽ സ്ത്രീകളുടെ ജീവിതത്തെ തുറന്നുകാട്ടുന്ന 12 കഥകളാണ് പുസ്തകത്തിലുള്ളത്. 30 വർഷക്കാലയളവിൽ ബാനു മുഷ്താഖ് എഴുതിയ ആറ് സമാഹാരങ്ങളിലെ 50 കഥകളിൽ നിന്ന് ഭാസ്തി തന്നെ തെരഞ്ഞെടുത്ത് വിവർത്തനം ചെയ്തതാണ് 12 കഥകളും.
ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വിവർത്തകയാണ് ഭാസ്തി. 5,000 പൗണ്ടാണ് സമ്മാനത്തുക. മുഷ്താഖിന്റെയും ഭാസ്തിയുടെയും അതിമനോഹരമായ സമാഹാരം വിജയമർഹിക്കുന്നതാണെന്ന് എഴുത്തുകാരനും വിമർശകനുമായ ജോൺ സെൽഫ് അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ ശൈലി വ്യത്യസ്തമാണ്. ഹാസ്യവും ശാന്തവും ഒരുപോലെ കൈകാര്യം ചെയ്യുന്ന പുസ്തകത്തിന്റെ കാഴ്ചപ്പാട് സ്ഥിരതയുള്ളതാണെന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളെപ്പറ്റി അഭിപ്രായ പ്രകടനത്തിൽ സെൽഫ് വ്യക്തമാക്കി.
ഐക്യകണ്‌ഠേന വിജയിയെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് താനും കലബ് ഫെമി, സന ഗോയൽ, ആന്റൺ ഹർ, ബെത്ത് ഓർട്ടൺ എന്നിവരടങ്ങിയ ജഡ്ജിങ് പാനലും ആറു മണിക്കൂറോളം ചെലവഴിച്ചെന്ന് പോർട്ടർ പറഞ്ഞു. "പ്രത്യേക രാഷ്ട്രീയമുള്ള പുസ്തകം. പുരുഷാധിപത്യ വ്യവസ്ഥകളുടെയും പ്രതിരോധത്തിന്റെയും അസാധാരണ വിവരണമടങ്ങിയ പുസ്തകം. സ്ത്രീകളുടെ നിത്യജീവിതത്തിൻെ മനോഹരമായൊരു പതിപ്പാണ് ഈ പുസ്തകം." - പോർട്ടർ പറഞ്ഞു.