
മുംബൈ: സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജിയില്‍ ബോളിവുഡ് താരദമ്പതിമാരായ ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയ്ക്കും ആശ്വാസം. രണ്ട് വസതികള്‍ ഉള്‍പ്പടെ 98 കോടിയുടെ സ്വത്തുക്കള്‍ ഏറ്റെടുത്ത ഇഡി നടപടികള്‍ ബോംബെ ഹൈക്കോടതി തടഞ്ഞു. പിഎംഎല്‍എ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ തീരുമാനം വരുന്നത് വരെ വസതികള്‍ ഒഴിപ്പിക്കില്ലെന്ന് കോടതിയില്‍ ഇഡി അറിയിച്ചു. ട്രൈബ്യൂണല്‍ വിധി എതിരായാലും വസതികള്‍ രണ്ടാഴ്ചത്തേക്ക് ഒഴിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
മുംബൈയിലെയും പൂനെയിലേയും വസതികള്‍ ഒഴിയണമെന്ന ഇഡിയുടെ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ കള്ളപ്പണ ഇടപാട് കേസില്‍പിഎംഎല്‍എ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ആരംഭിച്ച നടപടിയാണ് താര ദമ്പതിമാര്‍ ചോദ്യം ചെയ്തത്. ബിറ്റ് കോയിന്‍ ഇടപാടുകാരനായ അമിത് ഭരദ്വാജുമായി ചേര്‍ന്ന് രാജ് കുന്ദ്ര കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിലായിരുന്നു സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം.