മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരവും 'ഹീ-മാൻ' എന്നറിയപ്പെട്ടിരുന്ന നടനുമായ ധർമ്മേന്ദ്ര (89) അന്തരിച്ചു. ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമുണ്ടാക്കി അദ്ദേഹം വിടവാങ്ങിയ വിവരം കരണ്‍ ജോഹര്‍ ഉൾപ്പെടെയുള്ള പ്രമുഖർ ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. അമിതാഭ് ബച്ചൻ അടക്കമുള്ള പ്രമുഖ താരങ്ങൾ ധർമ്മേന്ദ്രയുടെ വസതിയിലെത്തി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമ്മേന്ദ്ര ജനിച്ചത്.(Bollywood's 'He-Man' Dharmendra passes away)
2025 ഡിസംബർ 8 ന് 90-ാം പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് ധർമ്മേന്ദ്ര അന്തരിച്ചു. പവൻ ഹാൻസ് ശ്മശാനത്തിൽ വെച്ചാണ് അദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത് എന്നാണ് വിവരം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 31 ന് ധർമ്മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 10 മുതൽ ധർമ്മേന്ദ്ര വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സയിലായിരുന്നതെന്ന് പറയപ്പെടുന്നു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 300-ൽ അധികം സിനിമകളിൽ ധർമ്മേന്ദ്ര അഭിനയിച്ചു. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും അദ്ദേഹത്തിൻ്റെ പേരിലാണ്. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര അഭിനയ ജീവിതം ആരംഭിച്ചത്.
60-കളിലും 70-കളിലും 80-കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.'ഷോലെ', ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ തുടങ്ങിയ സിനിമകളിലെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമ്മേന്ദ്ര ബിഗ് സ്ക്രീനുകൾ അടക്കിവാണു.
1973-ൽ തുടർച്ചയായി എട്ട് ഹിറ്റുകളും 1987-ൽ തുടർച്ചയായി ഒമ്പത് വിജയ ചിത്രങ്ങളും ഉൾപ്പെടെ ഏഴ് ഹിറ്റുകളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിലെ എക്കാലത്തേയും റെക്കോർഡാണ്.