

സിനിമ ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. മരിച്ചുപോയ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാമെന്ന് വാഗ്ദാനം നൽകി 30 കോടി രൂപയോളമാണ് ഡോക്ടറായ പരാതിക്കാരന്റെ പക്കൽ നിന്ന് വിക്രം ഭട്ട് തട്ടിയെടുത്തത്. രാജസ്ഥാന്‍ പോലീസും മുംബൈ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഭാര്യാസഹോദരിയുടെ വീട്ടില്‍നിന്നാണ് വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉദയ്പുരിലേക്ക് കൊണ്ടുപോകാനായി രാജസ്ഥാന്‍ പോലീസ് ബാന്ദ്ര കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് അപേക്ഷ സമര്‍പ്പിക്കും.
വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട് എന്നിവര്‍ക്കും ഇവരുടെ മകള്‍ കൃഷ്ണ ഉള്‍പ്പെടെ മറ്റ് ആറ് പേര്‍ക്കുമെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ഉദയ്പുര്‍ പോലീസ് വിക്രം ഭട്ടിനും ഭാര്യയ്ക്കും മറ്റ് ആറുപേര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ദിരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ ഡോ. അജയ് മുര്‍ദിയയുടെ പരാതിയിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതും ഇപ്പോള്‍ സംവിധായകനെ അറസ്റ്റ് ചെയ്യുന്നതും.
മരിച്ചുപോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്ന് പറഞ്ഞ് 30 കോടി തട്ടിയെടുക്കുകയായിരുന്നു എന്നാണ് മുര്‍ദിയയുടെ പരാതി. 200 കോടി രൂപ ലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും ഡോ. അജയ് മുര്‍ദിയയുടെ പരാതിയില്‍ പറയുന്നു.