മുംബൈ : മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് താരം. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ഷാഹിദ് കപൂർ, കൃതി സനോൻ എന്നിവർക്കൊപ്പം തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയിലാണ് ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ചത്.
അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കിസ്’ ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബർ 25-ന് പുറത്തിറങ്ങും. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.