
ദിവസങ്ങൾക്ക് മുമ്പാണ് നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായിയായ ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ ആയത്(Bobby Chemmannur). ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ പഴയ പല വീഡിയോകളും ഫോട്ടോകളുമൊക്കെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
ഒരു ഉദ്ഘാടനത്തിനിടെ ബോബി ചെമ്മണ്ണൂരിനെ പുകഴ്‌ത്തിപ്പറയുന്ന നടി ശ്വേത മേനോന്റെ പഴയൊരു വീഡിയോയാണിത്. ആ വീഡിയോയിൽ ശ്വേതാ മേനോൻ പറയുന്നത് ഇപ്രകാരമാണ് – "പറയുന്ന വാക്കുകൾ വളരെ സീരിയസായി എടുക്കുന്ന വ്യക്തിയാണ്. അതൊരു വലിയ കാര്യമാണ്. ബിസിനസും കാശുമൊക്കെയുണ്ടാക്കുമ്പോൾ ജനങ്ങളെയൊന്നും ക്ഷണിക്കാതെ കുറച്ച് അഹങ്കാരത്തോടെയായിരിക്കും പലരും. മൂപ്പർ എത്ര കാശ് ഉണ്ടാക്കുന്നോ അത്രതന്നെ തിരിച്ച് സമൂഹത്തിന് കൊടുക്കുന്നു. അത് വലിയൊരു കാര്യമാണ്. എന്റെ അമ്മയെ നോക്കുന്ന ചേച്ചിയുണ്ട്. അവർ എന്നെ ഇന്നലെ വിളിച്ച് നിങ്ങളുടെ വലിയ ഫാനാണെന്ന് പറഞ്ഞു. നിങ്ങൾ ലൈവായി നറുക്ക് വച്ച് പൈസയും കാറുമൊക്കെ നൽകുന്നു. അങ്ങനയൊരു മനസ്സുണ്ടാകുകയെന്നത് വലിയ കാര്യമാണ്. നമ്മളെല്ലാം കാശ് ഉണ്ടാക്കും. പക്ഷേ തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ പിശുക്കന്മാരാണ്. എന്നാൽ ബോച്ചെ അങ്ങനെയല്ല."
ശ്വേത സംസാരിച്ചു കഴിഞ്ഞയുടൻ ബോബി ചെമ്മണ്ണൂർ മൈക്ക് വാങ്ങുന്നതാണ് അടുത്ത ദൃശ്യം. ശേഷം ബോബി ചെമ്മണ്ണൂർ "എന്നാൽ എന്നോട് പറ ശ്വേതേ" എന്ന് പറയുന്നു. അപ്പോൾ നടിയായ ശ്വേത പറയുന്ന മറുപടിയാണ് "ഐ ലവ് യൂ ബോച്ചേ' എന്ന്. ശ്വേതയുടെ ഈ മറുപടിയെ നിലവിലെ സാഹചര്യവുമായി തട്ടിച്ച് വിമർശിച്ച് ധാരാളം ഉപയോക്താക്കൾ രംഗത്തുവന്നു.