
കന്നഡ സിനിമ ലോകത്തെ ചർച്ചാവിഷയമായ ചിത്രമാണ് 'സു ഫ്രം സോ'. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രമാണ് 'സു ഫ്രം സോ'. ആദ്യ വാരത്തിൽ നിന്ന് രണ്ടാം വാരത്തിലേക്കു എത്തുമ്പോൾ 75 ൽ നിന്ന് 150 ഓളം സ്ക്രീനുകളിലേക്ക് ചിത്രം വ്യാപിച്ചിരുന്നു. ഇപ്പോഴിതാ 225 സ്ക്രീനുകൾ കടന്നിരിക്കുകയാണ്. മികച്ച പ്രതികരണവും ശക്തമായ ബോക്‌സ് ഓഫീസ് കളക്ഷനുമായി സിനിമ മുന്നേറുന്നുണ്ട്. 15 ദിവസത്തിനുള്ളിൽ ചിത്രം 65 കോടി രൂപയോളം നേടിയതായാണ് റിപ്പോർട്ട്. അതിൽ ഭൂരിഭാഗവും കന്നഡ പതിപ്പിൽ നിന്നാണ് ലഭിച്ചത്.
ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പ് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. 5.5 കോടി രൂപയാണ് മൂന്നാം ശനിയാഴ്ച ചിത്രം നേടിയത്. പ്രവൃത്തിദിവസങ്ങളിൽ പോലും, സു ഫ്രം സോ സ്ഥിരമായി രണ്ട് കോടി മുതൽ മൂന്ന് കോടി വരെ നേടിയിരുന്നു. രാജ് ബി. ഷെട്ടി, ജെ.പി. തുമിനാട്, ഷനീൽ ഗൗതം, സന്ധ്യ അരെക്കെരെ, മൈം രാമദാസ്, ദീപക് റായ് പനാജെ, പ്രകാശ് തുമിനാട് എന്നിവർ സു ഫ്രം സോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന ഒരു പ്രേതകഥയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും മറ്റ് പ്രശ്നങ്ങളെയും ഈ ചിത്രം ഹാസ്യാത്മകമായി വരച്ചു കാട്ടുന്നു. ജൂലൈ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗസ്റ്റ് അവസാനത്തോടെ ഒ.ടി.ടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ആമസോൺ പ്രൈമിൽ ആയിരിക്കും സ്ട്രീമിങ്. ആഗസ്റ്റ് ഒന്നിനാണ് കേരളത്തിൽ റിലീസ് ചെയ്തത്. എന്നാൽ, ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന കൂലി, ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന വാർ 2 എന്നിവ ആഗസ്റ്റ് 14ന് തിയറ്ററിൽ എത്തുന്നത് സു ഫ്രം സോയുടെ കലക്ഷനെ ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്.