
പിറന്നാൾ ദിനത്തിൽ സ്വയം ട്രോളുന്ന പോസ്റ്റുമായി നടൻ സുരേഷ് ഗോപി. "ബർത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്നേഹമാണ്, 'സുര'യെന്നാൽ സ്നേഹം മാത്രമാണ്" എന്നാണ് കേക്ക് കഴിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്. ട്രോളന്മാർ സുരേഷ്‌ഗോപിയെ വിളിക്കുന്ന പേരാണ് 'സുര'. സുരേഷ് ഗോപിയുടെ കുറിപ്പ് നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തു.
'എല്ലാവരും കൂടി മൂപ്പരെയും ട്രോളൻ ആക്കി’ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മറുപടിയുമായി എത്തിയത് സുരേഷ്‌ഗോപിയുടെ മകൻ മാധവ് ആണ്. "സുര എന്നാൽ ട്രോൾ അല്ല സുഹൃത്തേ സുര ഒരു വികാരമാണ്"- എന്നാണ് മാധവ് മറുപടി നൽകിയത്. ഇതുകൂടാതെ മറ്റു കമന്റുകൾക്കും മറുപടി നൽകിയിരിക്കുന്നത് മാധവാണ്. മാധവ് ആണോ സുരേഷ്‌ഗോപിക്ക് വേണ്ടി പോസ്റ്റ് ഇട്ടത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഭാര്യ രാധികയും മക്കളും മരുമകനും ഒപ്പം കേക്ക് മുറിക്കുന്ന വിഡിയോയും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. മക്കൾ അച്ഛന് കേക്ക് വായിൽ വച്ചുകൊടുക്കുന്നതും മുത്തം കൊടുക്കുന്നതും വിഡിയോയിൽ കാണാം. പ്രിയപ്പെട്ട അച്ഛന് പിറന്നാൾ ആശംസകൾ എന്നാണ് മരുമകൻ ശ്രേയസ് കുറിച്ചത്. അച്ഛൻ സിനിമയിലെയും ജീവിതത്തിലെയും ഒറ്റക്കൊമ്പനാണ് എന്ന് കുറിച്ച മകൻ മാധവിന്റെ പിറന്നാൾ കുറിപ്പ് ഇന്നലെ വൈറലായിരുന്നു.
ജൂൺ 26നായിരുന്നു സുരേഷ് ഗോപിയുടെ അറുപത്തിയേഴാം പിറന്നാൾ. താരസംഘടനയായ ‘അമ്മ’യും മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, നവ്യ നായർ, ഭാമ അടക്കമുള്ള താരങ്ങളും സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി എത്തിയിരുന്നു.