

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഇനി 19 ദിവസങ്ങൾ മാത്രം ശേഷിക്കെ നാടകീയ രംഗങ്ങളാണ് വീടിനകത്ത് അരങ്ങേറുന്നത്. അടുക്കളയിൽ നിന്ന് നെവിനുമായി ഉണ്ടായ വാക്കുതർക്കത്തിൽ ഷാനവാസ് കുഴഞ്ഞു നിലത്ത് വീണിരുന്നു. തുടർന്ന് ആദ്യം കൺഫെഷൻ റൂമിലേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഇതോടെ ഷാനവാസിന്റെ ആരോഗ്യനിലയെ ചൊല്ലിയുള്ള ആശങ്കയിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും.
ബിഗ് ബോസിൽ ‘ടിക്കറ്റ് റ്റു ഫിനാലെ’ ടാസ്ക് നടക്കുന്നതിനിടെയിലാണ് ഷാനവാസിന് നെഞ്ചുവേദന വന്നതും ആശുപത്രിയിലേക്ക് മാറ്റിയതും. എന്നാൽ ഷാനവാസിന്റേത് ഓവർ ആക്ടിംഗ് എന്നായിരുന്നു അക്ബർ, നെവിൻ, ആര്യൻ എന്നിവർ പറഞ്ഞത്. ഇത് മറ്റുള്ളവർ ചോദ്യം ചെയ്യുകയും ചെയ്തു. ഷാനവാസ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഇന്ന് ഇനി ഹൗസിലേക്ക് വന്നേക്കില്ലെന്നും ബിഗ് ബോസ് മറ്റ് മത്സരാർത്ഥികളെ അറിയിച്ചു. ഇതോടെ ആരാധകരും ആശങ്കയിലായി.
മുൻ സീസണുകളിൽ ഇതുപോലെ ആരോഗ്യപ്രശ്നങ്ങൾ കാരണം പല മത്സരാർത്ഥികൾക്കും ഷോ ക്വിറ്റ് ചെയ്ത് തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട്. ഈ സീസണിൽ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, ഷാനവാസിന്റെ സംഭവത്തോടെ അത്തരമൊരു സാഹര്യം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ആശങ്കപ്പെടുന്നത്. ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ഷാനവാസ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഷാനവാസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
സംഭവത്തിൽ നെവിന് ബിഗ് ബോസ് മുന്നറിയിപ്പ് നൽകി. സ്വന്തം ഇഷ്ടപ്രകാരം പെരുമാറാനുള്ള സ്ഥലമല്ല ഇതെന്നാണ് ബിഗ് ബോസ് പറഞ്ഞത്. അതിര് വിടരുതെന്നും ഒരു രീതിയിലുള്ള ശാരീരിക ആക്രമണങ്ങളും ഇവിടെ വച്ച് പൊറുപ്പിക്കില്ലെന്നും അതിനുള്ള വേദിയല്ല ഇതെന്നും ബിഗ് ബോസ് നെവിന് മുന്നറിയിപ്പ് നൽകി. അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയും ഇവിടെ ഇനി മുന്നോട്ട് പോകില്ലെന്നും ബിഗ് ബോസ് പറഞ്ഞു.