തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ, ശക്തമായ പ്രതികരണവുമായി നിർമ്മാതാവ് സുരേഷ് കുമാർ രംഗത്ത്. കുറേ സിനിമാക്കാരും പോലീസുകാരും ചേർന്ന് ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ഈ കേസിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. "സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്‌പ്പോഴും. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.(Big conspiracy against Dileep, says Suresh Kumar on court verdict)
"ഈ കേസിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിനൊക്കെ ആര് ഉത്തരം പറയും? അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വലിയ സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ എട്ടര വർഷം എന്തൊരു വലിയ ഹരാസ്മെന്റാണ് അദ്ദേഹം നേരിടേണ്ടി വന്നത്. എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. ഒരു തെളിവും ഇവർക്ക് നിരത്താൻ കഴിഞ്ഞില്ല, " അദ്ദേഹം ചൂണ്ടിക്കാട്ടി
ദിലീപിന്റെ കുടുംബം അനുഭവിച്ച മാനസികാഘാതം അദ്ദേഹം എടുത്തു പറഞ്ഞു. "ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു." തെറ്റുചെയ്യാത്ത ഒരാളെ 85-90 ദിവസം ജയിലിൽ ഇട്ടതിന് ആര് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ചോദിച്ചു.