
നടൻ ബിബിന്‍ ജോർജിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും. കൊച്ചിയിലാണ് ബിബിൻ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. ദിലീപ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, പ്രസാദ്, നടി ആദ്യ തുടങ്ങി നിരവധിപ്പേർ ചടങ്ങിനെത്തിയിരുന്നു.
‘എട്ടുതൈക്കൽ വിൻസന്റിന്റെ വീട്’ എന്നാണ് സ്വന്തം വീടിനു ബിബിൻ നൽകിയ പേര്. വസതിയിൽ ഹോം തിയറ്റർ അടക്കമുള്ള സംവിധാനങ്ങളുണ്ട്. കയറി വരുന്ന മുറിയിൽ സംവിധായകൻ ഷാഫിയുടെ വലിയൊരു ചിത്രവും ഓർമയ്ക്കായി ബിബിൻ വച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന ബിബിൻ ആദ്യമായി നായകനാകുന്നത് ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയിലാണ്.
കൽപ്പണിക്കാരനായ വിൻസന്റിന്റെയും ലിസിയുടെയും മകനായിരുന്ന ബിബിൻ കഠിന പ്രയത്നം കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്. ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ള ബിബിൻ തന്റെ കുറവുകളെ അതിജീവിച്ച് തിരക്കഥാകൃത്തായും തിരക്കേറിയ അഭിനേതാവായും ഇന്ന് മലയാളത്തിൽ തിളങ്ങുന്നു. ആറാം ക്ലാസുമുതൽ ബിബിൻ മിമിക്രി ചെയ്യാൻ തുടങ്ങിയിരുന്നു.
സ്കൂൾ പഠനകാലം മുതൽ ഒന്നിച്ചുളള സുഹൃത്തായ വിഷ്ണു ഉണ്ണിക്കൃഷ്ണനോടൊപ്പം കലാഭവനിൽ ചേര്‍ന്ന ബിബിൻ തന്റെ പതിനേഴാം വയസ്സിൽ ടെലിവിഷൻ പരിപാടികൾക്ക് സ്കിറ്റ് എഴുതി തുടങ്ങി. അവിടെ നിന്നും സിനിമാ മോഹവുമായി കഴിയവേ ബിബിനും വിഷ്ണുവും ചേർന്ന് ഒരു തിരക്കഥ രചിച്ച് നാദിർഷായെ സമീപിക്കുന്നു. ‘അമർ അക്ബർ അന്തോണി’ എന്ന പേരിൽ ഒരുക്കിയ സിനിമ വലിയ വിജയമായിരുന്നു.
തുടർന്ന് ബിബിനും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് തിരക്കഥ രചിച്ച് നാദിർഷയുടെ സംവിധാനത്തിലെത്തിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷനും’ സൂപ്പർഹിറ്റായി. അതോടെ വിഷ്ണു തിരക്കേറിയ അഭിനേതാവാകുകയും ചെയ്തു. അതിനുശേഷം ബിബിനും അഭിനയരംഗത്തേയ്ക്കു ചുവടുവച്ചു.
തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തു സജീവമായ ബിബിൻ 2018ൽ ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’ എന്ന സിനിമയിൽ നായകനായി. ‘ഒരു യമണ്ടൻ പ്രേമകഥ’, മാർഗം കളി, ഷൈലോക്ക് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ബിബിൻ അഭിനയിച്ചിട്ടുണ്ട്. ‘കൂടൽ’ ആണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.