

മലയാള സിനിമയിൽ തരംഗമായ മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' അന്താരാഷ്ട്ര തലത്തിൽ വീണ്ടും ശ്രദ്ധ നേടുന്നു. ലോസ് ഏഞ്ചലസിലെ പ്രശസ്തമായ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ (Academy Museum of Motion Pictures) ചിത്രം പ്രദര്‍ശിപ്പിക്കാൻ ഔദ്യോഗികമായി തിരഞ്ഞെടുത്തു. കേരളത്തിന് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് ആകെ അഭിമാനമാവുന്ന നേട്ടമാണിത്.
അക്കാദമി മ്യൂസിയം ഒരുക്കുന്ന 'വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' (Where the Forest Meets the Sea: Folklore from Around the World) എന്ന ചലച്ചിത്ര പരമ്പരയിലാണ് 'ഭ്രമയുഗം' പ്രദർശിപ്പിക്കുന്നത്.
2026 ഫെബ്രുവരി 12-നാണ് പ്രത്യേക പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും 'ഭ്രമയുഗ'ത്തിന് സ്വന്തമാണ്.
"ഭ്രമയുഗം ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്. ഇത് 'ഭ്രമയുഗം' ടീമിന് ലഭിക്കുന്ന മറ്റൊരു അഭിമാന നിമിഷമാണ്." - മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
പുരസ്‌കാര നേട്ടങ്ങളുടെ തിളക്കത്തിൽ രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറര്‍ ചിത്രം ഇതിനോടകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടൻ (മമ്മൂട്ടി), മികച്ച സ്വഭാവ നടൻ (സിദ്ധാർഥ് ഭരതൻ), മികച്ച പശ്ചാത്തല സംഗീതം (ക്രിസ്റ്റോ സേവ്യർ), മികച്ച മേക്കപ്പ് (റോണക്സ് സേവ്യർ) എന്നിവയുൾപ്പെടെ നാല് പ്രധാന പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു.
17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, ജാതി അടിച്ചമർത്തലുകളും മിത്തും ഉൾപ്പെടുത്തി ഒരുക്കിയ ഈ സൈക്കോളജിക്കൽ ഹൊറർ ചിത്രം, ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.