ദിലീപിനെ തിരിച്ചെടുക്കാൻ നീക്കം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി | FEFKA
സിനിമാ സംഘടനകളിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
നടിയെ ആക്രമിച്ച കേസില്‍ അനുകൂലമായി വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
"നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല. എവിടെയാണ്, ഏത് കോടതിയിലാണ് നീതി പ്രതീക്ഷിക്കേണ്ടത്. ദൈവത്തിന്റെ കോടതിയുണ്ട്. കർമ്മം ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിക്കും." - ഭാഗ്യലക്ഷ്മി പറഞ്ഞു.

