തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ മലയാള സിനിമയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ, നടൻ ദിലീപിന്റെ പുതിയ ചിത്രം 'ഭഭബ'യുടെ പോസ്റ്റർ റിലീസ് ചെയ്തതിൽ മോഹൻലാലിനെ വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ (IFFK) പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.(Bhagyalakshmi criticizes Mohanlal on 'Bha Bha Ba' poster release)
വിധി വന്നതിന് പിന്നാലെ ദിലീപിന്റെ സിനിമയ്ക്ക് മോഹൻലാൽ നൽകിയ പിന്തുണയെ ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തു. "വിധി വന്ന അന്നുതന്നെയല്ലേ നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ശ്രീ മോഹൻലാൽ ആ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഒരു നിമിഷം ചിന്തിക്കണം. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ എന്നാണ്. ഇതെല്ലാം അയാൾ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്‌സ് ആണ്. അതാണ് നമ്മൾ കണ്ടത്," ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ പുതിയ ചിത്രമായ 'ഭഭബ'യുടെ പോസ്റ്ററും ട്രെയിലറുമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. കോടതി വിധി വന്നതോടെ അതിജീവിത തളർന്നുവെന്ന് ആരും കരുതേണ്ടെന്നും നിയമപോരാട്ടവുമായി അവൾ മുന്നോട്ട് പോകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
"ഒരിഞ്ച് പോലും അവൾ തളർന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏത് അറ്റം വരെയും അവൾ പോകും. ഇതിൽ കൂടുതൽ അപമാനമൊന്നും അവൾക്ക് സഹിക്കാനില്ല," അവർ പറഞ്ഞു. കേസിൽ തീർച്ചയായും അപ്പീലിന് പോകും. അത് ഔദ്യോഗികമായി അറിയിക്കേണ്ടത് അതിജീവിതയാണെന്നും അവർ കൂട്ടിച്ചേർത്തു.
"രണ്ട് മണിക്കൂർ കാറിനുള്ളിൽ സംഭവിച്ചതിനെക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. 'അതിൽ കൂടുതലൊന്നും എനിക്കിനി സംഭവിക്കാനില്ലല്ലോ' എന്ന രീതിയിലാണ് അവൾ പോസ്റ്റിട്ടത്." വിധി ദിലീപിന് അനുകൂലമായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെയും ഭാഗ്യലക്ഷ്മി വിമർശിച്ചു.