

നടൻ ദിലീപിൻ്റെ പിറന്നാളിനോടനുബന്ധിച്ച് പ്രത്യേക ഗ്ലിംപ്സ് വീഡിയോ പങ്കുവെച്ച് ഭഭബ (ഭയം, ഭക്തി, ബഹുമാനം) സിനിമയുടെ അണിയറപ്രവർത്തകർ. ദിലീപിൻ്റെ മാസ് അപ്പീലിങ് രംഗങ്ങൾ കോർത്തിണിക്കിയാണ് 40 സക്കൻഡ് ദൈർഘ്യമുള്ള വീഡിയോ. ഏറ്റവും കൂടുതൽ ആകർഷണീയമായത് അവസാന നിമിഷമെത്തുന്ന മോഹൻലാലിൻ്റെ ശബ്ദമാണ്. ഭഭബയിൽ കാമിയോ വേഷത്തിലെത്തുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. പ്രത്യേകം സെറ്റിൽ കൊച്ചിയിലായിരുന്നു ഭഭബയിലെ മോഹൻലാലിൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്. ക്രിസ്മസ് റിലീസിനോട് അനുബന്ധിച്ച് ഭഭബ ഡിസംബർ 18ന് തിയറ്ററുകളിൽ എത്തും.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ സിനിമ നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ്റെ അസോസിയേറ്റായിരുന്ന ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഫഹിം സഫറും നടി നൂറിൻ ഷെറീഫും ചേർന്നാണ് ഭഭബയുടെ രചന നിർവഹിച്ചിരിക്കുന്നത്. ദിലീപിനും മോഹൻലാലിനും പുറമെ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സാൻഡി, ബാലു വർഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, തമിഴ് താരം റെഡിൻ കിങ്സ്ലി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അർമോയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ഷാൻ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.നിരവിധി ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമയുടെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് സുപ്രീം സുന്ദറും കലൈ കിങ്സണും ചേർന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.