
തന്റെ പുതിയ ലുക്കിനെ പരിഹസിച്ച ആരാധകന് നടൻ നസ്‌ലിൻ നൽകിയ മറുപടി കേട്ട് കൈയ്യടിച്ച് പ്രേക്ഷകർ. ‘ലോക’ സിനിമയുടെ റിലീസിന് ശേഷം തിയറ്ററിൽ പ്രേക്ഷകരോട് സംവദിക്കുന്നതിനിടെയാണ് ഒരാൾ നടന്റെ പുതിയ ലുക്കിനെ പരിഹസിച്ച് കമന്റ് പറഞ്ഞത്. നസ്‌ലിൻ സംസാരിക്കുന്നതിനിടെ ഒരു പ്രേക്ഷകൻ ‘ബംഗാളി ലുക്ക് അടിപൊളി ആയിട്ടുണ്ട്’ എന്ന് വിളിച്ചു പറഞ്ഞു. എന്നാൽ ഒട്ടും പ്രകോപിതനാകാതെ ആരാധകനോട് നന്ദി പറയുന്ന നസ്‌ലിനെയാണ് വിഡിയോയിൽ കാണുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് നസ്‌ലിന്റെ വേറിട്ടൊരു ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആകെ മെലിഞ്ഞ് മുടി നീട്ടി വളർത്തിയ ലുക്കിലുള്ള നടനെ കണ്ട് ബംഗാളിയെപ്പോലെ ഉണ്ട് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. പുതിയ സിനിമയായ ‘മോളിവുഡ് ടൈംസി’നു വേണ്ടിയാണോ ഈ പുതിയ ലുക്ക് എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’യിലും നസ്‌ലിൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാറ്റ്സ്ബി എന്ന കഥാപാത്രത്തെയാണ് നസ്‌ലിൻ അവതരിപ്പിക്കുന്നത്.