
ബംഗാളി നടി ബസന്തി ചാറ്റർജി(88) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങളിൽ ബസന്തി ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് നടി സിനിമയിലെത്തുന്നത്.
"എനിക്ക് ഷൂട്ടിങ് ആരംഭിക്കണം. പക്ഷേ എനിക്ക് നടക്കാൻ പ്രശ്‌നങ്ങളുണ്ട്. എന്റെ കാലുകൾക്ക് വലിയ ശക്തിയില്ല. സുഖം പ്രാപിച്ച ശേഷം ഞാൻ കളത്തിലേക്ക് വരും" - ബസന്തി ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐസിയുവിൽ കഴിഞ്ഞിരുന്ന അവരെ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിലേക്ക് മാറ്റുകയായിരുന്നു. മരണവിവരമറിഞ്ഞു അനുശോചനം അറിയിച്ച് സഹപ്രവർത്തകരും ചലച്ചിത്ര രംഗത്തെ പ്രമുഖരും എത്തിയിരുന്നു.
തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂതു, ബോറോൺ, ദുർഗ്ഗ ദുർഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'ഗീത എൽ.എൽ.ബി' എന്ന സീരിയലിലാണ് ബസന്തി അവസാനം അഭിനയിച്ചത്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റർജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.