

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന സിനിമയുടെ ട്രെയ്‍ലര്‍ പുറത്തിറക്കി. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് പൊന്മാന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഈ ചിത്രം.
സെൻസറിംഗ് പൂർത്തിയായപ്പോൾ യു, എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, ത്രില്ലർ സ്വഭാവത്തിലാണ് കഥയവതരിപ്പിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. 2.03 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് യൂട്യൂബിൽ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അജേഷ് എന്നാണ് സിനിമയിൽ ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.