

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ബോയപതി ശ്രീനു ആണ്സംവിധായകൻ. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ഒരുക്കുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ചയായാണ് ഒരുക്കിയിരിക്കുന്നത്.
14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പോസ്റ്ററിൽ നീളമുള്ള മുടിയും പരുക്കൻ താടിയും ഉള്ള ലുക്കിലാണ് ബാലകൃഷ്ണയെ അവതരിപ്പിച്ചിരിക്കുന്നത്.
പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.