

സ്വന്തം അഭിനയം സ്ക്രീനിൽ കണ്ട് അമ്പരപ്പോടെ ആസ്വദിക്കുന്ന നന്ദമുരി ബാലകൃഷ്ണയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബാലയ്യ നായകനാകുന്ന ‘അഖണ്ഡ 2’ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് സംഭവം. സ്വന്തം അഭിനയം ആവേശത്തോടെയും അദ്ഭുതത്തോടെയും ആസ്വദിക്കുന്ന ബാലയ്യയാണ് വിഡിയോയിൽ.
ട്രെയിലറിലെ ഡയലോഗിന് അനുസരിച്ച് തലയാട്ടുകയും അവേശം കൊള്ളുകയും ചെയ്യുന്നുണ്ട് താരം. ഒരു നിമിഷത്തിന്റെ ആവേശത്തിൽ ബാലയ്യ അതിശയത്തോടെ ആർത്തുവിളിക്കുന്നതും വിഡിയോയിൽ കാണാം. മലയാളി താരം സംയുക്ത മേനോനും അരികിലുണ്ട്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘ലെ ബാലയ്യ: എന്റെ അഭിനയം കണ്ട് എന്റെ കണ്ണ് തന്നെ തള്ളി’, ‘ഹോ എന്നെ സമ്മതിക്കണം: ലെ ബാലയ്യ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തെ ഓർമ വന്നുവെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.
നന്ദമുരി ബാലകൃഷ്ണ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘അഖണ്ഡ 2’. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. 2021ൽ റിലീസ് ചെയ്ത ‘അഖണ്ഡ’ സിനിമയുടെ തുടർച്ചയായാണ് ‘അഖണ്ഡ 2 താണ്ഡവം’ എത്തുന്നത്. ബോയപതി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോയപതി-നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘അഖണ്ഡ 2: താണ്ഡവം’.
അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ തകർപ്പൻ സംഘട്ടന രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു.
രചന, സംവിധാനം ബോയപതി ശ്രീനു, നിർമാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്. ഡിസംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.