‘ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം; ടൊവിനോയും, നസ്ലിനും പ്രധാന വേഷങ്ങളിൽ | Bachelor Party

ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ല, സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ചിത്രം ഒരുക്കുക.
Bachelor Party
Published on

അമൽ നീരദ് ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം വരുന്നു. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സൂചന. ബാച്ച്‌ലര്‍ പാര്‍ട്ടി പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗത്തിന് തയ്യാറെടുക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് വിവരം.

നേരത്തെ ആദ്യ ഭാഗത്തില്‍ പൃഥ്വിരാജ് ചെയ്തതു പോലൊരു കാമിയോ ആയിരിക്കും ടൊവിനോയുടേതെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിനായി തന്റെ 20 ദിവസത്തെ ഡേറ്റാണ് ടൊവിനോ നല്‍കിയതെന്നാണ് റിപ്പോർട്ട്. അതേസമയം ആവേശം, പൊന്മാന്‍ എന്ന സിനിമകളിലൂടെ കയ്യടി നേടിയ സജിന്‍ ഗോപുവും ചിത്രത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഡിസംബറോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ ഡേറ്റ് മാറ്റിയതോടെയാണ് അമല്‍ ഈ ചിത്രത്തിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സുഷിന്‍ ശ്യാം ആയിരിക്കും സംഗീതം എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജേക്‌സ് ബിജോയുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ.

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികള്‍ തേടിച്ചെല്ലുന്ന ചിത്രമാണ്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സോഷ്യല്‍ മീഡിയകൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com