

സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്‌ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ബാഹുബലി ദി എപ്പിക് അമേരിക്കയിലും കാനഡയിലും റെക്കോര്‍ഡ് കളക്ഷന്‍ നേടി. ബാഹുബലി മാഗ്‌നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്.
പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസിന്റെ ബോക്‌സ് ഓഫീസിലെ റെക്കോര്‍ഡ് നേട്ടം. ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്‌നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു.
കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി, മികച്ച ദൃശ്യവിരുന്നു നല്‍കുന്നതില്‍ ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.
വെങ്കി ബോക്‌സ് ഓഫീസിന്റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് കളക്ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്ഷന്‍ നേടിയത്.
ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്‌സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്ഷന്‍ 39.5 കോടി രൂപയാണ്.