

എസ്.എസ്. രാജമൗലി – പ്രഭാസ് കൂട്ടുകെട്ടിൽ ഇന്ത്യൻ സിനിമയിൽ വിസ്മയം തീർത്ത ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ‘ബാഹുബലി: ദി ബിഗിനിങ്’, ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ എന്നീ രണ്ട് ഭാഗങ്ങളും ഒരുമിപ്പിച്ച്, ഒറ്റ ചിത്രമായി ‘ബാഹുബലി ദി എപിക്’ എന്ന പേരിലാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.
ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അണിയറപ്രവർത്തകർ ഈ സംരംഭത്തിന് തയ്യാറെടുത്തത്. ഒക്ടോബർ 31-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
പുതിയ പതിപ്പിന് 3 മണിക്കൂർ 45 മിനിറ്റ് ആണ് ദൈർഘ്യം. റീസ്റ്റോർ ചെയ്‌ത ദൃശ്യ-ശബ്ദ മികവോടെയാണ് ചിത്രം എത്തുന്നത്. കൂടാതെ, നേരത്തെ നീക്കം ചെയ്ത ചില ഭാഗങ്ങളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. IMAX, 4DX, D-Box, Dolby Cinema, EPIQ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രീമിയം ഫോർമാറ്റുകളിൽ ചിത്രം ആസ്വദിക്കാനാകും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
സെഞ്ച്വറി കൊച്ചുമോന്റെ നേതൃത്വത്തിലുള്ള പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസ് ആണ് ‘ബാഹുബലി – ദി എപിക്’ കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.