മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ വീണ്ടും നെഞ്ചിലേറ്റി പ്രേക്ഷകർ. പ്രദർശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളിൽ 1.02 കോടി ബോക്സ് ഓഫിസ് കലക്ഷൻ നേടി ഛോട്ടാ മുംബൈ. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. ജൂൺ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്.
അഡ്വാൻസ് ബുക്കിങ്ങിന് നല്ല പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി.പി.നായരമ്പലം ആയിരുന്നു.