'വളരെ മോശം സിനിമ' എന്ന് ദിവ്യ പിള്ളയോട് പ്രേക്ഷകൻ; സിനിമ കാണുന്ന പ്രേക്ഷകന് നെഗറ്റിവ് പറയാൻ അവകാശമുണ്ടെന്ന് നടി | Dheeram

സിനിമയെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞ പ്രേക്ഷകനും അണിയറപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായപ്പോഴാണ് നടിയുടെ ഇടപെടൽ.
Divya Pillai
Updated on

ഇന്ദ്രജിത്ത് നായകനായ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ധീരത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയറ്റർ വിസിറ്റിനെത്തിയ നടി ദിവ്യ പിള്ളയ്ക്കും ടീമിനുമെതിരെ പ്രതികരണവുമായി പ്രേക്ഷകൻ. സിനിമയെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞ പ്രേക്ഷകനും അണിയറപ്രവർത്തകരും തമ്മിൽ ചെറിയ തർക്കമുണ്ടായി. എന്നാൽ, പ്രേക്ഷകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ച് നായികയായ ദിവ്യ പിള്ള രംഗത്തെത്തി.

തിയറ്റർ വിസിറ്റിനിടെ, 'സിനിമ ഇഷ്ടപ്പെട്ടോ?' എന്ന സംവിധായകൻ ജിതിന്റെ ചോദ്യത്തിനാണ് സിനിമ കണ്ടിറങ്ങിയ ഒരാൾ കടുത്ത വിമർശനം ഉന്നയിച്ചത്.

‘‘വളരെ മോശം സിനിമ. ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്. ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി. സമൂഹത്തിൽ ഇങ്ങനെ കാണിക്കരുത്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, ഇത് എന്റെ അഭിപ്രായമാണ്, എ സർട്ടിഫിക്കറ്റ് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും. ഇത്രയും പ്രതീക്ഷിച്ചില്ല, വളരെ മോശം.’’ എന്നായിരുന്നു പ്രേക്ഷകന്റെ പ്രതികരണം.

ഇതോടെ അണിയറപ്രവർത്തകരിൽ ചിലർ പ്രേക്ഷകന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് തർക്കത്തിലായി. എന്നാൽ വിഷയത്തിൽ ഉടൻ തന്നെ ഇടപെട്ട നായിക ദിവ്യ പിള്ള, പ്രേക്ഷകന്റെ നിലപാടിനെ പിന്തുണച്ചു. സിനിമയെക്കുറിച്ച് നെഗറ്റീവ് പറയാൻ പ്രേക്ഷകന് പൂർണ അവകാശമുണ്ടെന്ന് ദിവ്യ പിള്ള വ്യക്തമാക്കി.

‘‘നെഗറ്റീവ് പറയുന്നതിന് കുഴപ്പമില്ല, സിനിമ കാണുന്ന പ്രേക്ഷകന് അത് പറയാൻ അവകാശമുണ്ട്, അത് കുഴപ്പമില്ല. എല്ലാവരും നല്ലത് പറയണം എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ? കുറച്ചു നെഗറ്റീവ് കൂടി വരണ്ടേ? അത് ഓക്കേ ആണ്." - ദിവ്യ പിള്ള പ്രതികരിച്ചു.

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തിയ ‘ധീരം’ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ദിവ്യ പിള്ള, അജു വർഗീസ്, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com