
ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. എക്സിലെ ചോദ്യോത്തര വേളയിലായിരുന്നു ഷാരൂഖിന്റെ മറുപടി.
'അടുത്ത അര മണിക്കൂർ നിങ്ങളോടൊപ്പം പങ്കിടാൻ തോന്നി. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ നമുക്ക് ഒരു ആസ്ക് എസ്.ആർ.കെ ചെയ്യാം. ഞാൻ ഒരു പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നതിനാൽ ദയവായി രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം...' - എന്നായിരുന്നു ഷാരൂഖിന്റെ പോസ്റ്റ്.
'നിങ്ങൾക്ക് ഇപ്പോൾ പ്രായമായി, പുതിയ കുട്ടികൾക്ക് വഴിയൊരുക്കുന്നതിനായി വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക' എന്നാണ് ഇതിന് ഒരാൾ മറുപടി നൽകിയത്. എന്നാൽ ഇതിനെ ബാലിശമായ ചോദ്യം എന്നാണ് ഷാരൂഖ് വിശേഷിപ്പിച്ചത്. 'സഹോദരാ, നിങ്ങളുടെ ബാലിശമായ ചോദ്യങ്ങൾ കഴിയുമ്പോൾ, മൂല്യവത്തായ എന്തെങ്കിലും ചോദിക്കൂ! അതുവരെ, നിങ്ങൾ താൽക്കാലിക വിരമിക്കൽ എടുക്കുന്നത് പരിഗണിക്കൂ' -എന്നായിരുന്നു താരത്തിന്റെ മറുപടി.
തുടർന്ന് ദേശീയ അവാർഡ് ലഭിച്ചതിന്റെ സന്തോഷവും നടൻ പങ്കുവെച്ചു. 'അംഗീകാരത്തെക്കുറിച്ച് എന്ത് തോന്നുന്നു?' എന്ന ചോദ്യത്തിന്, ഈ രാജ്യത്തിന്‍റെ രാജാവായത് പോലെ തോന്നുന്നു എന്നും മികവ് പുലർത്താനും കൂടുതൽ കഠിനാധ്വാനം ചെയ്യാനുമുള്ള ഉത്തരവാദിത്തമാണിതെന്നും നടൻ മറുപടി നൽകി.