
ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത ചിത്രം ‘സർക്കീട്ട്’ മെയ് 8നാണ് തീയേറ്ററുകളിൽ എത്തിയത്. ഈ ഫീൽ ഗുഡ് ചിത്രം മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ് ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 26 മുതൽ ചിത്രം മനോരമ മാക്‌സിൽ പ്രദർശനം ആരംഭിക്കും.
ചിത്രം ‘സർക്കീട്ട്’ നിർമിച്ചത് അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ്. സംവിധായകൻ തമർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദിവ്യ പ്രഭ, ദീപക് പറമ്പോൽ, ബാലതാരം ഓർഹാൻ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ആസിഫ് അലിയുടെയും ഓർഹാന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദമാണ് ചിത്രം പറയുന്നത്. പൂർണമായും ഗൾഫ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അയാസ് ഹസനാണ്. സംഗീത് പ്രതാപാണ് എഡിറ്റിംഗ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചത്.